ഗഡ്ചരോളി:മഹാരാഷ്ട്രയിലെ ഗഡ്ചരോളിയില് റെസിഡന്‍ഷ്യല്‍ സ്കൂള്‍ ഹോസ്റ്റലില്‍ പാമ്പുകടിയേറ്റ ആറ് വിദ്യാര്‍ഥിനികളില്‍ മൂന്നു പേര് മരണത്തിനു കീഴടങ്ങി.
ഒരാളുടെ നില അതീവ ഗുരുതരമായി തുടരുകയാണെന്ന് ആശുപത്രിവൃത്തങ്ങൾ അറിയിച്ചു. ഗോത്രവർഗമേഖലയായ ജപ്തലെയിൽ സര്‍ക്കാര്‍ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന സ്കൂളില്‍ തിങ്കളാഴ്ച പുലര്‍ച്ചെയാണ് അത്യാഹിതം. എട്ടും, പന്ത്രണ്ടും പതിനാലും വയസ് വീതം പ്രായമുള്ള കുട്ടികളാണു മരിച്ചത്.
പാമ്പുകടിയെത്തുടര്ന്ന് അസ്വസ്ഥത അനുഭവപ്പെട്ട ആറുകുട്ടികളെയും റൂറൽ ആശുപത്രിയിലും തുടര്‍ന്നു ഗഡ്ചരോളി ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയ്ക്കിടെ മൂന്നു കുട്ടികള്‍ മരണത്തിനു കീഴടങ്ങി.
ഒരു കുട്ടിയുടെ ആരോഗ്യസ്ഥിതി പെട്ടെന്നു മോശമായി. തുടർന്ന് കുട്ടിയെ വിദഗ്ധചികിത്സയ്ക്കായി എയര്‍ ആംബുലന്‍സില്‍ നാഗ്പുരിലെ ആശുപത്രിയിലേക്കു മാറ്റി.സ്കൂള്‍ അധികൃതരുടെ അനാസ്ഥയാണു ദാരുണസംഭവത്തിനു കാരണമെന്ന് അപകടത്തിൽപ്പെട്ട കുട്ടികളുടെ ബന്ധുക്കള്‍ ആരോപിച്ചു.